കോട്ടയം: ദുർഗന്ധം വമിക്കുന്ന പൊട്ടി ഒലിക്കുന്ന ടോയിലറ്റുകൾ, പൊട്ടി പൊളിഞ്ഞ തറയും സീലിംഗും, തകർന്ന ജനല്‍ പാളികള്‍, തുരുമ്പ് പിടിച്ച ജനല്‍ കമ്പികള്‍, .വയറിംഗും സ്വിച്ച് ബോർഡും തകർന്നത് അപകടഭീഷണിയും ഉയർത്തുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളുടെ അവസ്ഥയാണിത്. നേഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റൻഡർമാർ തുടങ്ങിയ ജീവനക്കാരാണ് ഏത് നിമിഷവും തകർന്നു വീഴാവുന്ന നിലയില്‍ ശോച്യാവസ്ഥയിലായ ഇവിടെ താമസിക്കുന്നത്.
ഏത് നിമിഷവും അപകടം സംഭവിക്കാമെന്ന ആശങ്കയിൽ
തങ്ങളുടെ ജീവന് ആര് സുരക്ഷയൊരുക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന ക്വാർട്ടേഴ്‌സുകളിലാണ് ഇവർ താമസിക്കുന്നത്. ചാത്തുണ്ണിപാറ ഭാഗത്ത് 34 ഓളം ജി ടൈപ്പ് ക്വാർട്ടേഴ്‌സാണുള്ളത്. ജീവനക്കാരുടെ കുട്ടികളും പ്രായമായ മാതാപിതാക്കളും ഇവിടെ താമസിക്കുന്നുണ്ട്. ഏത് നിമിഷവും അപകടം സംഭവിക്കാമെന്ന ആശങ്കയിലാണ് താമസം.
ദുരിതം നിറഞ്ഞ ജീവിതം
പരിസരം കാടു കയറിയ നിലയിലുമാണ്. മുമ്പ് ക്വാർട്ടേഴ്‌സില്‍ മെയിന്റൻസും പെയിന്റിഗും പി.ഡബ്ല്യു.ഡി നടത്തിയിരുന്നെങ്കിലും പിന്നീട് നിലച്ചു. ജീവനക്കാർക്ക് സ്വന്തം പണം മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് താമസിക്കുന്നത്. പരിസരം കാടു കയറി കിടക്കാതിരിക്കാൻ ചില ജീവനക്കാർ ക്വാർട്ടേഴ്‌സ് പരിസരത്ത് പച്ചക്കറി കൃഷി നടത്തിയിരുന്നു. എന്നാല്‍, ആശുപത്രി അധികൃതർ കൃഷി നിർത്തിവയ്പ്പിച്ചു. മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിനും പി.ഡബ്ല്യു.ഡി അധികൃതർക്കും ശോച്യാവസ്ഥ പരിഹരിക്കാൻ അപേക്ഷ നല്‍കിട്ടും നടപടിയില്ല
