റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി

July 12, 2025 - 9:55 pm

വളപട്ടണം: കണ്ണൂർ വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി. വളപട്ടണം -കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് കല്ലുകള്‍ കണ്ടെത്തിയത്.വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കില്‍ കല്ല് കണ്ടത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ(ജൂലൈ 11) വളപട്ടണം സ്റ്റേഷന് സമീപം ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. അട്ടിമറി ശ്രമമുണ്ടോയെന്ന് റെയില്‍വേ പൊലീസും വളപട്ടണം പൊലീസും അന്വേഷിക്കും.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായത് നൂറോളം അട്ടിമറി ശ്രമങ്ങൾ

ട്രാക്കില്‍ പോസ്റ്റും മരവും കല്ലും കോണ്‍ക്രീറ്റ് പാളികളുമൊക്കെയിട്ട് സംസ്ഥാനത്ത് ട്രെയിൻ അട്ടിമറിക്കാൻ കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായത് നൂറോളം ശ്രമങ്ങളാണ്. ലക്ഷക്കണക്കിന് യാത്രക്കാരുടെ സുരക്ഷയെ വെല്ലുവിളിച്ചാണ് ഈ തീക്കളി. സാമൂഹ്യ വിരുദ്ധരും മദ്യപരുമാണ് പിന്നിലെന്ന് എഴുതിത്തള്ളുന്ന പൊലീസും റെയില്‍വേയും സംഘടിതമായ ആസൂത്രണമുണ്ടോയെന്ന് കണ്ടെത്തുന്നില്ല.

എൻ.ഐ.എയടക്കം അന്വേഷണത്തിനുണ്ട്

അട്ടിമറിശ്രമങ്ങളില്‍ തീവ്രവാദ ബന്ധവും സംശയിക്കുന്നതിനാല്‍ എൻ.ഐ.എയടക്കം അന്വേഷണത്തിനുണ്ട്. വിജനമായ സ്ഥലങ്ങളായതിനാല്‍ സി.സി ടിവി ദൃശ്യങ്ങളടക്കം കിട്ടാത്തതാണ് അന്വേഷണത്തിന് പ്രധാന വെല്ലുവിളി. ട്രാക്കുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അട്ടിമറിശ്രമക്കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ റെയില്‍വേ ബോധവത്കരണവും നടത്തുന്നുണ്ട്.

എന്നാല്‍, ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നാണ് കേന്ദ്രനിലപാട്.

ട്രെയിൻ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നാണ് കേന്ദ്രനിലപാട്. കേസെടുക്കല്‍,അന്വേഷണം,ട്രെയിനിലെ സുരക്ഷ എന്നിവ പൊലീസിനാണ്. റെയില്‍വേ സ്വത്തുക്കളുടെയും വസ്തുവകകളുടെയും സംരക്ഷണം ആർ.പി.എഫിനും. ഇരുപതു വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *