കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായും മെംബറായും നിയമിക്കപ്പെട്ട റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ജയകുമാറിനെ അയോഗ്യൻ ആയി പ്രഖ്യാപിക്കാനുള്ള ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് ഫയൽ ചെയ്ത കേസിൽ എതിർകക്ഷികളായ കെ.ജയകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി, റവന്യു (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് സെക്രട്ടറി എന്നിവർക്ക് 2026 ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ ജില്ലാ കോടതി നോട്ടീസ് അയച്ച് ഉത്തരവായി.
നിയമത്തിലെ ഏഴ് (മൂന്ന്)വകുപ്പ് പ്രകാരം അയോഗ്യനാണെന്നു പ്രഖ്യാപിക്കണം.
തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം നിയമിതനായ കെ. ജയകുമാർ നിയമത്തിലെ ഏഴ് (മൂന്ന്)വകുപ്പ് പ്രകാരം അയോഗ്യനാണെന്നു പ്രഖ്യാപിക്കാനാണ് ഡോ ബി. അശോക് ഹർജി ബോധിപ്പിച്ചത്. ആ വകുപ്പ് പ്രകാരം സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്. ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ എംജി) എന്ന സ്ഥാപനത്തിൽ ഡയറക്ടർ ആയി കേരള സർക്കാർ നിയമിച്ച വ്യക്തിയാണ്. ദേവസ്വം ബോർഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തപ്പോഴും തുടർന്ന് ഇപ്പോഴും കെ.ജയകുമാർ സർക്കാർ പദവി വഹിച്ചു ശമ്പളം പറ്റുന്ന തെളിവുകൾ നിരത്തിയാണ് ഹർജി ഫയൽ ചെയ്തത്.
