ബംഗളൂരു: കര്‍ണാടകയിലെ ഹൂബ്ലിയില്‍ ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടി. അതേസമയം, യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍നിന്നു പുറപ്പെട്ട 6ഇ 7979 ഇന്‍ഡിഗോ വിമാനത്തിന്റെ ടയറാണു പൊട്ടിയത്. വിമാനത്തിന് അപകടമുണ്ടായതായി ഇന്‍ഡിഗോ കമ്പനി സ്ഥിരീകരിച്ചു. ഏഴു യാത്രക്കാരും നാലു ജീവനക്കാരുമായി തിങ്കളാഴ്ച രാത്രി 8.35 ഓടെ വിമാനം സുരക്ഷിതമായാണ് ഇറങ്ങിയത്. എല്ലാവരും സുരക്ഷിതരാണ്. ടയര്‍ പൊട്ടിയ വിമാനം ഹുബ്ലിയില്‍ പരിശോധിക്കുകയാണെന്നും ഇന്‍ഡിഗോ വക്താവ് വ്യക്തമാക്കി. പുലര്‍ച്ചെ രണ്ടരയോടെ റണ്‍വേ ക്ലിയര്‍ ചെയ്‌തെന്നും വിമാനത്താവളം പതിവുപോലെ പ്രവര്‍ത്തിക്കുന്നതായും ഡയറക്ടര്‍ പ്രമോദ് കുമാര്‍ ഠാക്കൂര്‍ പറഞ്ഞു. ലാന്‍ഡിങ് സമയത്ത് കാറ്റും മഴയും ഉണ്ടായിരുന്നതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാത്രി എട്ടിന് ലാന്‍ഡ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. 8.03ന് പൈലറ്റ് ലാന്‍ഡിങ്ങിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ 8.34 നാണ് ഇറങ്ങാനായത്.
