ജനീവ: കോവിഡ് രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് അലട്ടുന്ന ലോങ് കോവിഡ് എന്ന രോഗാവസ്ഥ ആശങ്കാജനകമെന്ന് ലോകാരോഗ്യസംഘടന. ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ കൃത്യമായ കണക്കുകളില്ലാത്തത് സ്ഥിതി ഗുരുതരമാക്കും. കോവിഡാനന്തര രോഗപ്രശ്നങ്ങള്‍ അലട്ടുന്നവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.ലോങ് കോവിഡ് ഒരു യാഥാര്‍ഥ്യമാണ്. വൈറസ് മഹാമാരിയുടെ ഏറ്റവും നിഗൂഢമായ ഭാവമാണ് ലോങ് കോവിഡ്. ഇരുന്നൂറിലേറെ രോഗലക്ഷണങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. എത്രകാലം രോഗികളില്‍ ഇത് നീണ്ടുനില്‍ക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറയാനാകില്ല. ഇതുസംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും ലോകാരോഗ്യ സംഘടന സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. നിലവില്‍ ലോകത്ത് 20 കോടിയിലേറെപ്പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, ലോങ് കോവിഡ് കണക്കുകള്‍ ലഭ്യമല്ല.
