റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് ഓടപ്പള്ളം വനത്തിൽ വൻ അഗ്നിബാധ : തീ അണക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന മില്ലായ്മ ചർച്ചയിൽ

February 26, 2023 - 8:48 am

സുൽത്താൻബത്തേരി: മൂലങ്കാവിനടുത്ത് ഓടപ്പള്ളം വനത്തിലുണ്ടായ അഗ്നിബാധയിൽ ആറ് ഏക്കറിലധികം സ്ഥലത്തെ വനം കത്തി നശിച്ചു. 2023 ഫെബ്രുവരി 25 ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഓടപ്പള്ളം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിന് നൂറ് മീറ്റർ മാറി റോഡിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്താണ് അഗ്നിബാധ ഉണ്ടായത്. കാട്ടിനുള്ളിലെ മുളങ്കാടുകളിലാണ് ആദ്യം തീപടർന്നതെന്നാണ് നിഗമനം.

ആദ്യം ഒരു മുളങ്കാടിൽ മാത്രമായിരുന്നു തീ പടർന്നത്. കനത്ത അഗ്നിബാധയിൽ മുള പൊട്ടിത്തെറിച്ച് സമീപത്തെ ഇല്ലിക്കാടുകളിലേക്കും തീ അതിവേഗം വ്യാപിക്കുകയായിരുന്നു. നാട്ടുകാരും വനം ഉദ്യോഗസ്ഥരും അറിയിച്ചതനുസരിച്ച് ബത്തേരി ഫയർഫോഴ്‌സ് സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും വിചാരിച്ച വേഗത്തിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.

വേനൽ ചൂടും കരിയിലകളിൽ അങ്ങിങ്ങായി വീണുകൊണ്ടിരുന്ന തീനാളങ്ങളും കാരണം മിനിറ്റുകൾക്കകം മറ്റിടങ്ങളിലും അഗ്നിബാധയുണ്ടാകുകയായിരുന്നു. ഒരു വാട്ടർലോറിയും രണ്ട് ടാങ്കറുകളുമടക്കം നാല് വാഹനങ്ങളും 12 ഓളം ഫയർഫോഴ്‌സ് സേനാംഗങ്ങളും വനംവകുപ്പിലെ വാച്ചർമാരും നാല് മണിക്കൂർ നേരത്തെ കഠിന പ്രയ്തനം നടത്തിയാണ് അഞ്ച് മണിയോടെ തീ പൂർണമായും അണച്ചത്. ഇരുപതിനായിരം ലിറ്റർ വെള്ളം തീ പൂർണമായും ഇല്ലാതാക്കുന്നതിന് ആവശ്യം വന്നതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആറ് ഏക്കറോളം വിസ്തൃതിയിൽ വനത്തിലെ ഇല്ലിക്കാടുകളും മരങ്ങളും കുറ്റിച്ചെടികളുമൊക്കെ അഗ്നിബാധയിൽ നശിച്ചു. അതേ സമയം തീ അണക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മ ചർച്ചയായി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് വനത്തിൽ കൃത്യമായി ഏത് വഴി നീങ്ങണമെന്നതിനെ കുറിച്ച് ആദ്യമൊന്നും ധാരണയില്ലായിരുന്നു. കാട് പരിചയമുളള വനം ഉദ്യോഗസ്ഥർക്ക് അഗ്നിശമന സേന ഉദ്യോഗസ്ഥരുമായി ശരിയായ വിധത്തിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലെന്നാണ് ആരോപണം. അതേ സമയം അഗ്നിബാധയുണ്ടാകിനിടയായ കാരണങ്ങളെ കുറിച്ച് വനംവകുപ്പ് അന്വേഷണം നടത്തും. പ്രദേശത്ത് അഗ്നിബാധ തടയുന്നതിന് ആവശ്യമായ ഫയർലൈൻ പ്രവൃത്തികളൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും തീ എത്തിയിരുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ബത്തേരി അഗ്‌നിരക്ഷ സേന സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, ഐ. ജോസഫ്, സി.ടി. സൈതലവി, സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസമാരായ കെ.എം. ഷിബു, മോഹനൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അനൂപ്, നിബിൽ ദാസ്, ശ്രീരാജ്, സതീഷ്, ഹോം ഗാർഡ് ശശി, ഷാജൻ എന്നിവരാണ് തീ അണക്കൽ ദൗത്യത്തിൽ പങ്കാളികളായത്.

2019-ലും വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ വടക്കനാട് പ്രദേശത്ത് കല്ലൂർകുന്ന്, ആനപ്പന്തി, പാറക്കൊല്ലി, അമ്പതേക്കർ, ഏഴുചാൽകുന്ന്, പച്ചാടി, പള്ളിവയൽ, പണയമ്പം, ചെതലയം പുല്ലുമല എന്നിവിടങ്ങിൽ വ്യാപകമായി കാട്ടുതീ ഉണ്ടായി. ഏകദേശം 75 ഏക്കറിൽ അടിക്കാടും മുളങ്കാടും അന്ന് ചാമ്പലായിരുന്നു. പുല്ലുമലയിൽ മാത്രം ഒരു ഏക്കർ വനമാണ് അഗ്നിക്കിരയായത്. മാനന്തവാടി നഗരസഭ പരിധിയിലെ പിലാക്കാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലും ശനിയാഴ്ച അഗ്നിബാധയുണ്ടായി. മാനന്തവാടി ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *