റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ നിയന്ത്രണം, പ്രവാസികളെ മടക്കി കൊണ്ടുവരല്‍, സ്പ്രിംഗ്ലര്‍… സമകാലീന ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം

April 27, 2020 - 3:41 am

തിരുവനന്തപുരം: പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് വിവാദങ്ങളോടുള്ള സമീപനം അദ്ദേഹം വ്യക്തമാക്കിയത്.
ജോണ്‍ ബ്രിട്ടാസ് അവതാരകനായ പരിപാടിയില്‍ കോവിഡ്-19 പ്രതിരോധ നടപടികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. പഴയകാല വിവാദങ്ങള്‍ അയവിറക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം അദ്ദേഹം വിശദീകരിച്ചു.

ചോദ്യം: കോവിഡ് കാലത്തിന്റെ പ്രത്യേകത ലോകം മുഴുവന്‍ കേരളത്തെ പ്രശംസിക്കുന്നുവെന്നതാണ്. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ മാധ്യമ തലക്കെട്ടുകളില്‍ പല ദിവസങ്ങളിലും വിവാദങ്ങളാണ് തെളിഞ്ഞു നില്‍ക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ വിവാദങ്ങളെ എങ്ങനെ കാണുന്നു?

ഉത്തരം: മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ ലേഖനം മാതൃഭൂമിയില്‍ വന്നിരുന്നു. ഇപ്പോള്‍ പല വ്യവസായങ്ങളും അടഞ്ഞുപോയിട്ടുണ്ടെങ്കിലും അടയാത്ത ഒന്ന് വിവാദ വ്യവസായം മാത്രമാണെന്ന് ലേഖനത്തിന്റെ അവസാനം അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത് നാടിന്റെ ദുര്യോഗമാണ്. പക്ഷെ പെട്ടന്നൊന്നും മാറുന്ന സ്വഭാവമല്ല അത്. എല്ലാ കാലത്തും ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തരം വിവാദങ്ങളെ മുഖവിലയ്ക്കെടുക്കുന്ന നിലപാടല്ല നാട് പൊതുവെ സ്വീകരിച്ചത്. വിവേചന ബുദ്ധിയോടെ മാത്രമേ ആളുകള്‍ ഇതു സ്വീകരിക്കൂ.

ചോദ്യം: ഇപ്പോഴത്തെ വിവാദത്തോട് ചേര്‍ത്തു നിര്‍ത്താവുന്നത് കേരളത്തിന്റെ വിഭവ ഭൂപടം അമേരിക്കയ്ക്ക് വിറ്റു എന്ന വിവാദമാണ്. മുഖ്യമന്ത്രി ഒന്ന് ആ പഴയകാലത്തേക്ക് തിരിഞ്ഞു നോക്കുമോ?

ഉത്തരം: അക്കാലത്ത് വളരെ രസകരമായ രീതിയില്‍ ആയിരുന്നു ആക്ഷേപം ഉയര്‍ന്നു വന്നത്. നമ്മളെല്ലാം അപകടത്തില്‍ ആകാന്‍ പോകുന്നുവെന്ന മട്ടിലായിരുന്നു അത് പ്രചരിപ്പിച്ചിരുന്നത്. അതെല്ലാം ചിലരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചില പ്രത്യേക വ്യക്തികളെ ലക്ഷ്യമിട്ടുകൊണ്ടുളള ആക്രമണങ്ങള്‍ വളരെ വലുതായിരുന്നുവെന്ന് നാമോര്‍ക്കണം. അത്തരം കാര്യങ്ങളിലേക്ക് വിശദമായി ഞാന്‍ പോകുന്നില്ല, എങ്കിലും പറഞ്ഞുവന്നപ്പോള്‍ ഞാനോര്‍ക്കുന്നത് ഒന്നു രണ്ടു പേര്‍ക്കെതിരെ കേന്ദ്രീകരിച്ചുളള ആക്രമണം ഒരു ഘട്ടത്തില്‍ വന്നതാണ്. അത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആയതുകൊണ്ട് അതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച് ഞാനും രംഗത്തുവന്നു. അപ്പോള്‍ ചിലരെന്നോട് ചോദിച്ചു നിങ്ങളെന്തിനാണ് ഇങ്ങനെ മിനക്കെടുന്നത്. നിങ്ങളെ പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന്. അങ്ങനെയല്ലല്ലോ നാം കാര്യങ്ങള്‍ കാണേണ്ടത്. ബോധപൂര്‍വം ആളുകളെ ലക്ഷ്യമിട്ട് തകര്‍ക്കുന്നതിനുളള ശ്രമങ്ങളാണ് അന്ന് നടന്നിട്ടുളളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *