റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂരിപക്ഷ മതത്തിന്റെ പേരില്‍ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് സീതാറാം യെച്ചൂരി, അഭിപ്രായം കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ

October 18, 2020 - 8:12 am

ന്യൂഡൽഹി: ഭൂരിപക്ഷ മതത്തിന്റെ പേരില്‍ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു യെച്ചൂരി.

പാർട്ടി ഏറ്റെടുത്ത പോരാട്ടങ്ങളും അത് സൃഷ്ടിച്ച സാമൂഹ്യമാറ്റങ്ങളുമാണ് പ്രധാനം. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായപ്പോള്‍ ഹിന്ദുത്വരാഷ്ട്രവാദം തീര്‍ന്നുവെന്ന് തെറ്റിദ്ധരിക്കരുതെന്നും പാർട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. ആര്‍എസ്‌എസിന്റെ ഫാസിസ്റ്റ് കാഴ്ചപ്പാടിന് ഭരണഘടന അട്ടിമറിക്കല്‍ അനിവാര്യമാണ്. രാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും മതത്തെ മാറ്റിനിര്‍ത്തണമെന്നും എന്നാല്‍, ജനങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നുമാണ് മതനിരപേക്ഷതയെ കമ്യൂണിസ്റ്റ് പാർട്ടി വ്യാഖ്യാനിച്ചത്.

രാജ്യത്തെ കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ദളിത് വിഭാഗത്തില്‍നിന്നുള്ളവരാണ്. അവരാണ് രാജ്യത്ത് ഏറ്റവും പീഡനം അനുഭവിക്കുന്നത്. ചൂഷണരഹിതമായ സമൂഹസൃഷ്ടിക്കായി പോരാട്ടം ശക്തിപ്പെടുത്തണം. രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളര്‍ച്ചയ്ക്കും ശാക്തീകരണത്തിനും കേരളം നല്‍കുന്ന സംഭാവന വളരെ വലുതാണെന്നും യെച്ചൂരി പറഞ്ഞു.

പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാർട്ടി കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുണ്ടെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍ കമ്യൂണിസ്റ്റുപാര്‍ടി ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം എന്നത് സാമ്ബത്തിക സ്വാതന്ത്ര്യത്തിലേക്ക് കൂടി നയിച്ചില്ലെങ്കില്‍ അര്‍ഥവത്താകില്ലെന്ന് തുടര്‍ച്ചയായി പറഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയ സ്വാതന്ത്ര്യംകൂടി നിഷ്ഠൂരമായി നിഷേധിക്കപ്പെടുകയാണ്. മതനിരപേക്ഷ ജനാധിപത്യം, സാമ്ബത്തിക സ്വാശ്രയത്വം, ഫെഡറലിസം, സാമൂഹ്യനീതി എന്നിവ അട്ടിമറിക്കപ്പെടുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *