തിരുവനന്തപുരം: സ്വർണ കള്ളക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് . കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ പുറത്തു പറയരുതെന്ന് ജയിലിലെത്തിയ ചിലർ തന്നോട് ആവശ്യപ്പെട്ടതായാണ് സ്വപ്ന കോടതി മുൻപാകെ വെളിപ്പെടുത്തിയത്. ഇവർ പൊലീസുകാരോ ജയിൽ ഉദ്യോഗസ്ഥരോ ആണെന്നാണ് തൻ്റെ സംശയമെന്നും തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന 08/12/20 ചൊവ്വാഴ്ച കോടതിയെ ബോധിപ്പിച്ചു. ഡോളർ കടത്തു കേസിൽ രഹസ്യമൊഴി നൽകുന്നതിനു തൊട്ടു മുൻപായിരുന്നു ജുഡീഷ്യൽ കസ്റ്റഡിയിൽ ജീവന് ഭീഷണിയുള്ളതിനാൽ തൻ്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി മുൻപാകെ സ്വപ്ന അവതരിപ്പിച്ചത്.
‘നവംബർ 25 ന് മുൻപ് പല തവണ ചിലർ തന്നെ ഭീഷണിപ്പെടുത്തി. തന്നെയും തൻ്റെ കുടുംബത്തെയും അപായപ്പെടുത്താൻ ശേഷിയുള്ളവരാണവർ. ഉന്നതരുടെ പേര് പറയരുതെന്നാണ് അവരുടെ ആവശ്യം’ സുരക്ഷ കൂട്ടാനാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ സ്വപ്ന പറഞ്ഞു.
സ്വപ്ന സുരേഷിൻ്റേതായി നേരത്തേ പുറത്തു വന്ന ശബ്ദരേഖയ്ക്ക് നേരെ വിരുദ്ധമായ കാര്യങ്ങളാണ് ഇന്ന് അവർ കോടതി മുൻപാകെ ബോധിപ്പിച്ചിട്ടുള്ളത്. നേരത്തേ പുറത്തു വന്ന ശബ്ദരേഖയിൽ ഉന്നതരുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നു എന്നായിരുന്നു സ്വപ്ന പറഞ്ഞത്.
