റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യയെത്തിക്കാന്‍ കാറ്ററിംഗ്‌ യൂണിറ്റിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍

February 7, 2021 - 4:59 pm

തൃശൂര്‍: 5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യക്കുളള ഭക്ഷണ സാധനങ്ങളുമായി പുറപ്പെട്ട കാറ്ററിംഗ്‌ യൂണിറ്റിന്റെ വാഹനത്തിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍. തൃശൂര്‍-പാലക്കാട്‌ ദേശീയപാതയിലെ കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചതാണ്‌ കാരണം. വാണിയമ്പാറ പ്ലാക്കോട്‌ സ്വദേശിയുടെ വിവാഹത്തിന്‌ സദ്യ എത്തിക്കാന്‍ പാണഞ്ചേരിയിലെ പവിത്രം കാറ്ററിംഗ്‌ യൂണിറ്റിനെയാണ്‌ ചുമതല ഏല്‍പ്പിച്ചിരുന്നത്‌.

വിവാഹ മുഹൂര്‍ത്തം രാവിലെ 9ന്‌ ശേഷമാണെന്നതിനാല്‍ 10 ന്‌ ഭക്ഷണം എത്തിക്കാമെന്നാണ്‌ പറഞ്ഞിരുന്നത്‌. 11 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അര മണിക്കൂര്‍ മതിയെങ്കിലും കുരുക്കുണ്ടെന്നറിഞ്ഞതോടെ രാവിലെ 8 മണിക്കുതന്നെ ഭക്ഷണവുമായി പുറപ്പെട്ടു. വിവാഹവീട്ടില്‍ നിന്ന്‌ 5 കിലോമീറ്റര്‍ അകലെ വഴുക്കും പാറയില്‍ വരെ എത്തിയെങ്കിലും ഗതാഗത കുരുക്ക്‌ ഏറെ രൂക്ഷമായി . വിവരമറിഞ്ഞ്‌ വിവാഹ വീട്ടുകാരും ആശങ്കയിലായി. മറ്റു വഴിയില്ലെന്ന്‌ മനസിലാക്കിയതോടെ ചേലക്കര റോഡിലൂടെ ചുറ്റി വളഞ്ഞ്‌ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന്‌ മണ്ണുത്തി ഭാഗത്തേക്ക്‌ തിരിച്ച വാന്‍ മുടിക്കോട്‌, ചിറക്കാക്കോട്‌, വടക്കാഞ്ചേരി ചേലക്കര എളനാട്‌ വഴി 68 കിലോമീറ്റര്‍ താണ്ടിയാണ്‌ വിവാഹ വീട്ടിലെത്തിയത്‌

വെളളിയാഴ്‌ച രാത്രി 7 ന്‌ കുതിരാനില്‍ ചരക്ക്‌ ലോറി മറിഞ്ഞതിനെ തുടര്‍ന്ന്‌ 15 മണിക്കൂറാണ്‌ രൂക്ഷമായ ഗതാഗതകുരുക്കുണ്ടായത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *