ന്യൂഡല്‍ഹി.: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പണം സമാഹരിക്കുന്നതിനായി കിഫ്ബി മാതൃകയില്‍ ഡെവലപ്പ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (ഡിഎഫ്‌ഐ) രൂപീകരിക്കുന്നത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കി. ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് പണം സമാഹരിക്കാന്‍ പ്രഫഷണലായ ഡയറക്ടബോര്‍ഡിന് കീഴിലാണ് ഡിഎഫ്‌ഐ പ്രവര്‍ത്തിക്കുകയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
എന്നാല്‍ ബില്ലിനെ സിഎജിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെ പ്രതിപക്ഷം രാജ്യസഭയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആര്‍ബിഐ നിയന്ത്രണത്തിലുളള സംവിധാനമാണന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഡിഎഫ് ഐ വരുമ്പോള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്ന എല്‍ഐസി പോലുളളവയുടെ ഭാവി എന്താകുമെന്ന ആശങ്ക പ്രതിപക്ഷം പ്രകടിപ്പിച്ചു. ആശങ്കകൾ ദുരീകരിക്കാന്‍ ബില്‍ സ്റ്റാന്‍റിംഗ് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സഭ വോട്ടിനിട്ട് തളളി. 20,000 കോടി രൂപയുടെ പ്രാഥമിക മൂലധനവുമായിട്ടാണ് ഡിഎഫ്‌ഐ പ്രവര്‍ത്തനം തുടങ്ങുക.
കൂടാതെ മറ്റ് ഏതാനും ബില്ലുകളും പാര്‍ലമെന്റ് പാസാക്കി. ധനബില്‍, ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്‍, ദി അപ്രോപ്രിയേഷന്‍ ബില്‍, ദി നാഷണല്‍ ബില്‍ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ്, ബില്‍,മൈന്‍സ് ആന്‍ഡ് മിനറല്‍സ് ബില്‍, ആര്‍ബിട്രേഷന്‍ ആന്റ് കോണ്‍സിലേഷന്‍ ഭേദഗതി, ട്രിബ്യൂണല്‍ പരിഷ്‌ക്കാര ഭേദ ഗതി, മേജര്‍ പോര്‍ട്ട് അതോരിറ്റി ബില്‍ എന്നിവയാണ് ഇരുസഭകളും പാസാക്കിയ പ്രധാന ബില്ലുകള്‍.
