ഹിന്ദുത്വ എന്ന ആശയത്തിന്റ ഉപജ്ഞാതാവായ വി ഡി സവർക്കറുടെ ജീവിതം ആസ്പദമാക്കി കൊണ്ട് നടനും സംവിധായകനുമായ മനോജ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ . സവർക്കരുടെ 138-ാം ജന്മദിനത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. സന്ദീപ് സിംഗ്, അമിത് ബി വധ് വാനി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.
സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ വളരെ നിർണായകമായ പങ്ക് വഹിച്ചിരുന്ന സവർക്കർ ആഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്ന ഒരാളാണ്. അദ്ദേഹത്തെപ്പറ്റി പറ്റി ആളുകൾക്ക് കൂടുതൽ അറിയില്ലാത്ത അതുകൊണ്ടുതന്നെ ആ ജീവിതത്തിലേക്ക് എത്തി നോക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സന്ദീപ് സിംഗ് കുറിച്ചു.
സന്ദീപ് സിംഗിന്റ ലെജന്റ് ഗ്ലോബൽ സ്റ്റുഡിയോയുടെ ബാനറിൽ പുറത്തിറങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം ലണ്ടൻ, ആൻഡമാൻ ദ്വീപ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നടക്കുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.
വി ഡി സവർക്കറുടെ 138-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ട്വിറ്റിലൂടെ ആദരാഞ്ജലികളർപ്പിച്ചു. തീവ്ര ഹിന്ദു ആശയങ്ങളുടെ പേരിൽ അറിയപ്പെടുന്ന വി ഡി സവർക്കർ 1883 ൽ മഹാരാഷ്ട്രയിലാണ് ജനിച്ചത്.
