ന്യൂ ഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍ . ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. പകുതി കടകള്‍ ഒരു ദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകള്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 8 വരെ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
50 ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രോയും സര്‍വീസ് നടത്തും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയുളള ഹോം ഡെലിവറിയും അനുവദിച്ചു. സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി തുറന്നുപ്രവര്‍ത്തിക്കാം. അതേസമയം സാധ്യമായ സ്ഥാപനങ്ങളിലെല്ലാം നിലവിലെ വര്‍ക്ക് ഫ്രംഹോം സൗകര്യം വ്യാപകമായി ഉപയോഗപ്പെടുത്തണമന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊതുമേഖല സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് എ ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ഓഫീസിലെത്താം. ഇതിന് താഴെയുളള ഗ്രൂപ്പുകളിലെ ജീവനക്കാര്‍ 50 ശതമാനം ഓഫീസിലെത്തിയാല്‍ മതി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ തയാറെടുക്കുകയാണെന്നും ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്താന്‍ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കുമെന്നും കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേതങ്ങളെ കണ്ടെത്താന്‍ രണ്ട് ജിനോം ട്രാക്കിംഗ് ലാബുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
