ന്യൂഡല്‍ഹി: കാളീദേവിയെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കംചെയ്യണമെന്നു ട്വിറ്ററിനോടു ഡല്‍ഹി ഹൈക്കോടതി. സാമൂഹികമാധ്യമമെന്ന നിലയില്‍ പൊതുജനവികാരം മാനിക്കണമെന്നും അവര്‍ക്കു വേണ്ടിയാണു ബിസിനസ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഓര്‍മിപ്പിച്ചു.കാളീദേവിയെ മോശമായി ചിത്രീകരിച്ച് ‘എത്തിസ്റ്റ് റിപ്പബ്ലിക്’ എന്ന പേരിലുള്ള അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ചൂണ്ടിക്കാട്ടി ആദിത്യസിങ് ദേസ്വാള്‍ എന്നയാളാണു ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ക്കു നീക്കം ചെയ്യാന്‍ അധികാരമില്ലാത്ത വിഭാഗത്തിലാണ് ഈ ട്വീറ്റെന്നു ചൂണ്ടിക്കാട്ടി ട്വിറ്റര്‍ തന്റെ അപേക്ഷ നിരസിച്ചെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. അപകീര്‍ത്തികരമായ ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ സ്ഥിരമായി അടച്ചുപൂട്ടണമെന്നാണു മറ്റൊരാവശ്യം.
കോടതിയുടെ നിര്‍ദേശം പാലിക്കാമെന്നു ട്വിറ്ററിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര അറിയിച്ചു. ഇതേത്തുടര്‍ന്ന്, കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് നവംബര്‍ 30-ലേക്കു മാറ്റി.
