കൊല്ലം: റോഡ് മുറിച്ചുകടക്കുന്നതിനിടെ കുഴഞ്ഞുവീണ ഗ്രേഡ് എസ്.ഐക്ക് ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം .പുനലൂർ, ഇളമ്പൽ മരങ്ങാട് കിരൺ നിവാസിൽ സി.സി.ജോൺസണാണ് (53) മരിച്ചത്.2021 നവംബർ 19ന് രാവിലെ ഏഴരയ്‌ക്ക് കൊല്ലം – തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര ചന്തമുക്കിൽ താലൂക്ക് ആശുപത്രിക്കു മുന്നിലാണ് സംഭവം. ആശുപത്രിയിലെ എയ്ഡ് പോസ്റ്റിൽ തലേദിവസം ഡ്യൂട്ടിക്കെത്തിയ ജോൺസൺ രാവിലെ ജോലി കഴിഞ്ഞിറങ്ങുമ്പോഴാണ് റോഡിൽ കുഴഞ്ഞുവീണത് . പുലമൺ ജംഗ്ഷനിൽ നിന്നെത്തിയ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ജോൺസൺ സംഭവ സ്ഥലത്തു തന്നെ മരിച്ചു.അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
പൂയപ്പള്ളി സ്വദേശിയായ ജോൺസൺ അടുത്തിടെയാണ് ഇളമ്പലിൽ താമസമാക്കിയത്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നവംബർ 20ന് രാവിലെ ഏഴിന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും.തുടർന്ന് എട്ടിന് ഇളമ്പലിലെ വീട്ടിലേക്ക് കൊണ്ടുപോകും
.ഒദ്യോഗിക ബഹുമതികളോടെ ഉച്ചയ്‌ക്ക് 12ന് ഇളമ്പൽ മരങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.കൊവിഡ് ബാധിച്ചശേഷം ജോൺസണ് ചെറിയ ആരോഗ്യ പ്രശ്നങ്ങളു ണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.ഭാര്യ: ബ്ളെസി (പുനലൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക . മക്കൾ: കിരൺ, കെവിൻ
