ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് തുടക്കമായെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളിലൂടെ സംസ്ഥാനത്ത് മൂന്നാംവ്യാപനം ആരംഭിച്ചുവെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കുള്ളില്‍ നൂറോളം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം അതിവേഗം ഉയരുന്ന ചെന്നൈയിലും സമീപജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാലും വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വീട്ടില്‍നിന്ന് ഓണ്‍ലൈന്‍വഴി ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കാന്‍ സംവിധാനം ഒരുക്കും. രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിച്ചവര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കിലും വീട്ടില്‍ തന്നെയാകും ചികിത്സ നല്‍കുക.
