പത്തനംതിട്ട : മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനം. മന്ത്രി വീണാ ജോർജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ലെന്ന് സിപിഐ നേതാക്കൾ വിമർശനം ഉയർത്തി. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയർത്തുന്ന പ്രധാന വിമർശനം. മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവർത്തനങ്ങളിലെ മികവും രണ്ടാം ഇടത് സർക്കാരിൽ വീണ ജോർജ് ഇല്ലാതാക്കി.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മാത്രമല്ല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജില്ലാ സമ്മേളനത്തിലുയർന്നത് രൂക്ഷ വിമർശനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയർന്ന പ്രധാന വിമർശനം. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നതെന്നും തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. തെറ്റുകൾ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്നാണ് പ്രതിനിധികളുയർത്തുന്ന ചോദ്യം. മുൻ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴടക്കം പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രതിനിധികൾ വിമർശിക്കുന്നു
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോർട്ടിലെ പരാമർശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന് നേരത്തെ ഉയർന്ന വിമർശനം, ജില്ലാ സമ്മേളനത്തിലും സിപിഐ ആവർത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോർട്ടിലുണ്ട്. കെ യു ജനീഷ് കുമാർ എംഎൽഎ ക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ജനീഷ് കുമാറിനു സിപിഐയോട് പുച്ഛമാണെന്നും എംഎൽഎയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ലെന്നുമാണ് സിപിഐ സമ്മേളനത്തിലെ വിലയിരുത്തൽ.
