കൊച്ചി : നെടുമ്പാശ്ശേരി ദേശീയപാതയില്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ദേശീയപാത കരാര്‍ കമ്പനി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ കേസെടുത്ത് പൊലീസ്. ഹാഷിമിന്റെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റോഡ് അറ്റകുറ്റപണിയ്ക്കായി കമ്പനിയ്ക്ക് 18 വര്‍ഷത്തെ കരാറാണുള്ളത്. എന്നാല്‍ റോഡ് അറ്റകുറ്റ പണി നടത്തുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്നും പൊലീസ് വിശദീകരിച്ചു. റോഡിലെ കുഴിയില്‍ വീണ ഹാഷിം വാഹനമിടിച്ചാണ് മരിച്ചത്. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പരാതികള്‍ കൂടുന്നുവെന്നും റോഡുകളിലെ അറ്റകുറ്റപണിയടക്കം കരാര്‍ വ്യവസ്ഥ പാലിക്കണമെന്നും അറിയിച്ച് 2022 ജൂണ്‍ 24ന് ദേശീയപാത അതോറിറ്റി കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും കമ്പനി റോഡ് അറ്റകുറ്റപ്പണിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നതോടെയാണ് ഒരു ജീവന്‍ കൂടി പൊലിഞ്ഞത്.
അതിനിടെ, സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി 08/08/22 തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നെടുമ്പാശേരിക്കടുത്ത് കുഴിയില്‍ വീണ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പാതയിലെ കുഴികളടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തൃശ്ശൂര്‍- എറണാകുളം ദേശീയപാതയിലെ മുഴുവന്‍ കുഴികളും അടയ്ക്കാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി.
