പട്‌ന: ബി.ജെ.പി. എം.എല്‍.എമാരെ മദ്യപന്മാരെന്ന് വിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്തെ മദ്യ നിരോധനത്തെ നിയമസഭയില്‍ ബി.ജെ.പി. അംഗങ്ങള്‍ ചോദ്യം ചെയ്തതാണ് നിതീഷിനെ ചൊടിപ്പിച്ചത്.സാരന്‍ ജില്ലയിലെ വിഷമദ്യ ദുരന്തത്തെ തുടര്‍ന്നാണ് ബിഹാറിലെ മദ്യനിരോധന നയം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിജയകുമാര്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ ബി.ജെ.പി. അംഗങ്ങള്‍ ആവശ്യപ്പെട്ടത്. മദ്യ നിരോധന നയത്തെ ന്യായീകരിച്ചു നിതീഷ് മറുപടി നല്‍കിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ശബ്ദമുയര്‍ത്തി.
ഇതേ തുടര്‍ന്നാണ് ബി.ജെ.പി. അംഗങ്ങളെ നിതീഷ് മദ്യപന്മാരെന്ന് വിളിച്ചാക്ഷേപിച്ചത്. നിതീഷ് മാപ്പു പറയണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം വച്ചപ്പോള്‍ ഭരണകക്ഷി അംഗങ്ങള്‍ മുഖ്യമന്ത്രിയെ അനുകൂലിച്ചു രംഗത്തെത്തി.സാരന്‍ ജില്ലയിലെ ഛപ്രയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം 20 പിന്നിട്ടുവെന്നാണ് വിവരം. അതീവഗുരുതരാവസ്ഥയില്‍ നിരവധി പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ സാരനില്‍ തന്നെ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചിരുന്നു. 12 ഓളം പേരുടെ കാഴ്ച നഷ്ടപ്പെട്ടു. മദ്യ നിരോധനം നിലവിലുള്ള ബിഹാറില്‍ അടിക്കടിയുണ്ടാകുന്ന വിഷമദ്യ ദുരന്തങ്ങള്‍ സര്‍ക്കാരിനു തലവേദനയായിട്ടുണ്ട്. ബിഹാറില്‍നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങടക്കമുള്ളവര്‍ മദ്യ നിരോധനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. 2016 ലാണ് സംസ്ഥാനത്ത് മദ്യനിരോധനം നിലവില്‍ വന്നത്.
