ദോഹ: അടുത്ത ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ എന്ന ആശയം പുനഃപരിശോധിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2026 ഫൈനല്‍സില്‍ 48 ടീമുകളെ കളിപ്പിക്കാനാണ് പദ്ധതി.
പ്രാഥമിക റൗണ്ടില്‍ ടീമുകളെ 16 ഗ്രൂപ്പുകളാക്കിയാണ് കളിപ്പിക്കുക. ഖത്തറില്‍ 32 ടീമുകളാണ് കളിച്ചത്. ഖത്തറിലെ പ്രാഥമിക റൗണ്ടുകളുടെ മികച്ച നിലവാരമാണു പുനഃപരിശോധിക്കാന്‍ ഇടയാക്കിയതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. നാല് ടീമുകളാണ് ഒരു ഗ്രൂപ്പിലുണ്ടായിരുന്നത്.
അവസാന റൗണ്ട് കഴിയാതെ നോക്കൗട്ടില്‍ കടന്നവരെ നിര്‍ണയിക്കാനായില്ല. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ മാതൃകയാണ് പരിഗണിക്കുന്നതെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. ആദ്യ രണ്ട് ടീമുകളും മികച്ച മൂന്നാം സ്ഥാനക്കാരും നോക്കൗട്ടില്‍ കടക്കുന്നതാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ രീതി.
