തമിഴ്നാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നേരേ ആക്രമണങ്ങളുണ്ടായെന്ന പ്രചാരണത്തെത്തുടര്‍ന്ന് ഭരണകക്ഷിയായ ഡി.എം.കെയെ കുറ്റപ്പെടുത്തി രംഗത്തുവന്ന ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമെലെയ്ക്കെതിരേ കേസ്. അക്രമത്തിനു പ്രേരിപ്പിക്കല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസിന്റെ സൈബര്‍ ക്രൈം ഡിവിഷന്‍ കേസെടുത്തിരിക്കുന്നത്. തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വരാനിടയായതില്‍ ഡി.എം.കെ. പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നായിരുന്നു അണ്ണാമെലെയുടെ ആരോപണം.
ബിഹാറി തൊഴിലാളികള്‍ തമിഴ്നാട്ടില്‍ വ്യാപക ആക്രമണത്തിനിരയാകുന്നതായി വിശ്വസിപ്പിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചില വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇത് സംസ്ഥാനത്തൊട്ടാകെ വന്‍തോതില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ കുടിയേറ്റത്തൊഴിലാളികള്‍ ഭീതിയിലായി. തുടര്‍ന്ന് മറ്റു മാധ്യമങ്ങളും സംഭവം ഏറ്റെടുത്തതിനു പിന്നാലെയാണ് അണ്ണാമലൈ പ്രസ്താവനയുമായി രംഗത്തെത്തിയത്. തമിഴ്നാട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരാണെന്നും അവര്‍ക്കെതിരേയുള്ള വിദ്വേഷത്തിനു കാരണം മുഖ്യമന്ത്രി സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെയും അവരുടെ സഖ്യകക്ഷി നേതാക്കളുമാണെന്നായിരുന്നു അണ്ണാമെലെയുടെ പ്രധാന പരാമര്‍ശം. ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ക്കു നേരേ ആക്രമണം നടക്കുന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. വിഘടനവാദത്തെയും ഉത്തരേന്ത്യക്കാര്‍ക്കെതിരായ വിദ്വേഷത്തെയും തമിഴര്‍ പിന്തുണയ്ക്കുന്നില്ലെന്നും അണ്ണാമെലെ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ ആക്രമിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത് നിരാശാജനകമാണ്. ഞങ്ങള്‍, തമിഴ് ജനത, ലോകം ഒന്നാണെന്ന ആശയത്തില്‍ വിശ്വസിക്കുന്നു. വിഘടനവാദത്തെയും ഉത്തരേന്ത്യന്‍ സുഹൃത്തുക്കളോ
ടുള്ള വിദ്വേഷത്തെയും ഞങ്ങള്‍ അംഗീകരിക്കുന്നില്ല.” അദ്ദേഹം ട്വീറ്റ് ചെയ്തു.
പാനിപ്പൂരി വാല വിളി പ്രശ്‌നമായി
ഉത്തരേന്ത്യക്കാരെക്കുറിച്ച് ഡി.എം.കെ. എം.പിമാര്‍ നടത്തിയ നീചമായ പരാമര്‍ശങ്ങളും ഡി.എം.കെ. മന്ത്രി അവരെ ”പാനിപ്പൂരി വാല” എന്നു വിളിച്ചതും ചൂണ്ടിക്കാട്ടിയാണ് അണ്ണാമെലെ സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. ഡി.എം.കെ. സഖ്യകക്ഷികള്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ പലായനം ആവശ്യപ്പെടുന്നതും പുതിയ സംഭവവികാസങ്ങള്‍ക്കു പ്രേരണയായെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ജനങ്ങള്‍ ഈ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അണ്ണാമെലെയ്ക്കു പുറമേ, ബിഹാറില്‍ ബി.ജെ.പിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വ്യക്തിക്കെതിരേയും ഈ വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ പ്രശാന്ത് ഉംറാവു, പട്ന ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകന്‍, തന്‍വീര്‍ പോസ്റ്റ് ട്വിറ്റര്‍ ഹാന്‍ഡില്‍ ഉടമ മുഹമ്മദ് തന്‍വീര്‍, ശുഭം ശുക്ല എന്നിവര്‍ക്കെതിരേയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്.
തൊഴിലാളികള്‍ ജോലിയില്‍നിന്നു വിട്ടുനിന്നു
പരിഭ്രാന്തിയെത്തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ ജോലിയില്‍നിന്നു വിട്ടുനിന്നത് തമിഴ്നാട്ടിലെ വ്യവസായങ്ങളെ ബാധിച്ചു. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദുഷ്ടലാക്കോടെയുള്ളതും വ്യാജവുമാണെന്ന് ഡി.ജി.പി. ശൈലേന്ദ്ര ബാബു പ്രസ്താവനയിറക്കി. തമിഴ്നാട്ടില്‍ കുടിയേറ്റത്തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്നു പറഞ്ഞ് ബിഹാറില്‍ ആരോ രണ്ടു വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ഈ സംഭവങ്ങള്‍ മുമ്പ് തിരുപ്പൂരിലും കോയമ്പത്തൂരിലും നടന്നതാണ്.അതിലൊന്ന് കുടിയേറ്റ തൊഴിലാളികളുടെ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. മറ്റൊന്നാകട്ടെ, കോയമ്പത്തൂരില്‍ രണ്ടു പ്രദേശവാസികള്‍ തമ്മിലുള്ളതും. അവയാണിപ്പോള്‍ പുതിയതാണെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. അഭ്യൂഹങ്ങള്‍ പരത്തി പരിഭ്രാന്തി പരത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു.
