ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങള്‍ ഒരുമിച്ച് തകരാറിലായി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പെട്രോള്‍പമ്പില്‍നിന്ന് മായം കലര്‍ന്ന ഡീസലടിച്ചതു കാരണമാണ് കേടായതെന്നാണ് നിഗമനം. വിതരണംചെയ്ത ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പമ്പ് അടപ്പിച്ചു. 5995 ലിറ്റര്‍ പെട്രോളും 10,657 ലിറ്റര്‍ ഡീസലും കണ്ടുകെട്ടി. പമ്പുടമയുടെയും മാനേജരുടെയുംപേരില്‍ കേസെടുത്തു.ജൂൺ 27 വെളളിയാഴ്ചയാണ് സംഭവം .
സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പ് വാഹനവ്യൂഹത്തിലെ ചില വണ്ടികള്‍ക്ക് ആദ്യം പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി.തുടര്‍ന്ന് ഓരോന്നായി വഴിയില്‍ കിടന്നു. എല്ലാ വാഹനങ്ങളിലുമായി 250 ലിറ്റര്‍ ഡീസലാണ് അടിച്ചത്.
ഇവിടെനിന്ന് ഇന്ധനം വാങ്ങിയ ഒരാള്‍ ഡീസലിനൊപ്പം വെള്ളവും പാളികളായി കിടക്കുന്നത് കാണിച്ചുതന്നെന്ന് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ആരോപിച്ചു. കനത്തമഴയില്‍ രത്ലം ദോസിഗാവ് പ്രദേശത്തെ പെട്രോള്‍പമ്പിന്റെ ഡീസല്‍ ടാങ്കിലേക്ക് വെള്ളം കയറിയെന്ന് രത്ലം സപ്ലൈസ് ഓഫീസര്‍ സ്ഥിരീകരിച്ചു
