ഛണ്ഡീഗഡ്: വിമത നീക്കം ശക്തമായ പഞ്ചാബ് കോണ്‍ഗ്രസില്‍ ശക്തി പ്രകടനം നടത്തി ഇരുപക്ഷങ്ങളും. മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിന്റെ വിശ്വസ്തനും ക്യാബിനറ്റ് മന്ത്രിയുമായ റാണാ ഗുര്‍മീത് സോധിയുടെ വീട്ടില്‍ സംഘടിപ്പിച്ച വിരുന്നില്‍ മന്ത്രിമാരടക്കം 58 എം.എല്‍.എമാരും എട്ട് എം.പിമാരും പങ്കെടുത്തു.ഇന്നലെ നടന്ന ക്യാബിനറ്റ് യോഗത്തില്‍നിന്നു മൂന്നു മന്ത്രിമാര്‍ വിട്ടുനിന്നതോടെയാണ് ശക്തി തെളിയിക്കാന്‍ മുഖ്യമന്ത്രിയുടെ ക്യാമ്പ് തയ്യാറായത്. പി.സി.സി. അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ധുവിന്റെ അനുയായികളായ മന്ത്രിമാരാണ് ക്യാബിനറ്റ് ബഹിഷ്‌കരിച്ചത്.നേരത്തേ സിദ്ദു തന്നെ അദ്ദേഹത്തിന്റെ ഉപദേശകരെ പുറത്താക്കണമെന്നും അല്ലാത്തപക്ഷം പാര്‍ട്ടി അതു ചെയ്യുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് വ്യക്തമാക്കിയിരുന്നു.പി.സി.സി. അധ്യക്ഷന്റെ ഉപദേശകരെ പാര്‍ട്ടി നിയോഗിച്ചതല്ലെന്നു റാവത്ത് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ സിദ്ദുവിന്റെ ഉപദേശകര്‍ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയതു വിവാദമായതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടത്.അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അമരിന്ദര്‍ നയിക്കുമെന്നു ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
