ഇരുമ്പനം: മെഥനോളുമായി ഐലൻഡിൽനിന്നു ബെംഗളൂരുവിലേക്ക് പോയ ടാങ്കർ ലോറിയുടെ ടയറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. വൈകിട്ട് 6.15ന് സീപോർട്ട്–എയർപോർട്ട് റോഡിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപമായിരുന്നു അപകടം. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി.
വാഹനത്തിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് ഡ്രൈവറുടെ നേതൃത്വത്തിലും, സമീപത്തുനിന്നു നാട്ടുകാർ വെള്ളവും എത്തിച്ച് വേഗത്തിൽ തീയണയ്ക്കാനുള്ള ശ്രമം നടത്തി. പിന്നാലെ തന്നെ തൃപ്പൂണിത്തുറയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീ പൂർണമായി അണച്ചു. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിലെ തകരാറാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.
