റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദിലീപും സംഘവും അന്വെഷണസംഘത്തെ വധിക്കാന്‍ ശ്രമിച്ചതിന്‌ തെളിവുണ്ടെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയില്‍

January 30, 2022 - 8:24 am

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപും സംഘവും അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിന്‌ തെളിവുകളുണ്ടെന്ന്‌ പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍.പോലീസ്‌ ഉദ്യോഗസ്ഥരെ അനുഭവിപ്പിക്കുമെന്ന്‌ പറഞ്ഞത്‌ വെറും ശാപവാക്കുകളല്ലെന്ന്‌ വ്യക്തമാക്കിയാണ്‌ ശനിയാഴ്‌ച (29.01.2022) പ്രത്യേക സിറ്റിംഗിനിടെ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ നിരത്തിയത്‌. അതേസമയം നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ തെളിവുകളുണ്ടാക്കാന്‍ കസ്‌റ്റഡിയിലെടുക്കാനാണ്‌ അന്വെഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന ആരോപിച്ച് പുതിയ കേസെടുത്തിരിക്കുന്നതെന്ന്‌ ദിലീപ്‌ വാദിച്ചു.

2017 ഡിസംബറില്‍ ദിലീപ്‌, സഹോദരന്‍ അനൂപ്‌, സഹോദരീഭര്‍ത്താവ്‌ ടിഎന്‍ സൂരജ്‌, എന്നിവര്‍ എറണാകുളം എംജി റോഡിലെ മേത്തര്‍ഹോം ഫ്‌ളാറ്റില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. 2018 മെയില്‍ ആലുവാ പോലീസ്‌ ക്ലബിന്‌ സമീപത്തുകൂടി ദിലീപും മറ്റ്‌ പ്രതികളും പോകുമ്പോള്‍ വാഹനത്തിന്‍റെ വേഗം കുറക്കുകയും ആക്രമിക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്‌തു. ആലുവാ സ്വദേശി ശരത്തും സിനിമാ നിര്‍മാതാവായ ഒരു പ്രവാസി മലയാളിയും തമ്മിലെ തര്‍ക്കത്തിനിടെ ഇക്കാര്യം പറയുന്നുണ്ട്‌. ഗൂഡാലോചന സംബന്ധിച്ച ദിലീപിന്‍റെ ജീവനക്കാരനായിരുന്ന ദാസന്റെയും സലിമെന്ന ആളുടെയും മൊഴിയുണ്ട്‌. തെളിവുകള്‍ കൂടുതല്‍ സാധൂകരിക്കാന്‍ പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധന അനിവാര്യമായതിനാലാണ്‌ അവ ആവശ്യപ്പെട്ടത്‌.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം ചോദ്യം ചെയ്യലില്‍ ശരിവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ പ്രതികള്‍ ഒരേസമയം മൊബൈല്‍ ഫോണുകള്‍ മാറ്റിയത്‌ ഗൂഡാലോചനക്കുളള തെളിവാണ്‌. കേരളത്തിന്‌ പുറത്ത്‌ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണമെന്നാണ്‌ പ്രതികള്‍ ആവശ്യപ്പെടുന്നത്‌. പ്രതികള്‍ തന്നെ അന്വേഷണത്തിന്‌ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നു. ഏതെങ്കിലും പ്രതിക്ക്‌ ഇങ്ങനെ അവസരം ലഭിച്ചിട്ടുണ്ടോയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ കൂട്ടുപ്രതികളുടെ മൊഴിയല്ലാതെ തനിക്കെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ വിചാരണ തടസപ്പെടുത്തി നീട്ടികൊണ്ടുപോകാനാണ്‌ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്‍റെ പേരിലുളള നാടകമെന്ന്‌ ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. പോലീസ്‌ ഉദ്യോഗസ്ഥരും മാദ്ധ്യമങ്ങളും ഒരുമാസമായി വേട്ടയാടുകയാണ്‌.ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ തളളാനാവുന്ന വിവരങ്ങള്‍ ഫോണിലുണ്ട്‌. ഇവ വീണ്ടെടുക്കാനാണ്‌ മുംബൈയിലെ ഒരു ഏജന്‍സിക്ക്‌ പരിശോധനക്ക്‌ നല്‍കിയത്‌ .ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആകെയുളള ഈ തെളിവുകള്‍ പുതിയ കേസിന്റെ പേരില്‍പിടിച്ചെടുത്ത്‌ നശിപ്പിച്ചാല്‍ നീതി നിഷേധിക്കപ്പെടും.

ഡിസംബര്‍ 29ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്‌തരിക്കാനിരിക്കെയാണ്‌ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടരന്വേഷണവും വരുന്നത്‌. തനിക്കെതിരെ തെളിവുണ്ടാക്കാന്‍ കൂടുതല്‍ സമയം ലഭിക്കാനാണ്‌ തുടരന്വെഷണം. വിചാരണ നീട്ടാന്‍ വിചാരണ കോടതി ജഡ്‌ജിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്‌ അന്വേഷണ സംഘം. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ്‌ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്നും തന്നെ കസ്‌റ്റഡിയില്‍ കിട്ടിയാല്‍ ഇത്‌ തന്റെ പക്കല്‍ നിന്ന്‌ ലഭിച്ചെന്നതിന്‌ തെളിവുണ്ടാക്കാന്‍ കഴിയുമെന്നും ദിലീപ്‌ വാദിച്ചു. പെന്‍ഡ്രൈവ്‌ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട്‌ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയതായും വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *