കൊച്ചി: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കി. യുഎഇ കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടേയും ഡ്രൈവര്‍മാരെയാണ് ചോദ്യം ചെയ്യുന്നത്. കോണ്‍സുലേറ്റിലെ ഔദ്യോഗിക വാഹനങ്ങളില്‍ ഡോളര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെന്ന് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയുടെ പാശ്ചാത്തലത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ഈ വാഹനത്തില്‍ ആരെല്ലാം യാത്ര ചെയ്തിരുന്നുവെന്ന് അറിയാനാണ് ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നയതന്ത്ര ചാനലിലൂടെ വിദേശത്ത് എത്തിക്കുന്ന ഡോളര്‍ ഉപയോഗിച്ച് പ്രതികള്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നുവെന്നാണ് കസ്റ്റഡിന് ലഭിക്കുന്ന വിവരം. നേരത്തെ സ്വര്‍ണ്ണകടത്തുകേസിലും ഡ്രൈവര്‍മാരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കസ്റ്റംസ് നടപടികള്‍ സ്വീകരിച്ചത്.
