റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിപ്പർ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം

April 6, 2025 - 4:48 am

ഉള്ളൂർ: മണല്‍ കയറ്റിവന്ന ടിപ്പർ ലോറി മെഡിക്കല്‍ കോളേജ് ഉള്ളൂർ റോഡില്‍ നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി.
.അപകടത്തില്‍ വാഹനയാത്രികർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു..ഏപ്രിൽ 5 ശനിയാഴ്ച രാത്രി 7നായിരുന്നു സംഭവം. നല്ല തിരക്കുള്ള സമയത്തായിരുന്നു അപകടം.

വാഹനങ്ങള്‍ നിരനിരയായി പോകുന്നതിനിടെ പെട്ടെന്ന് ടിപ്പർ ലോറിയുടെ വേഗത കൂടി. മുന്നിലുള്ള വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച്‌ നടപ്പാതയില്‍ കയറിയ വാഹനം ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച്‌ തകർത്തു. തുടർന്ന് കുന്നില്‍ ഹൈപ്പർ മാർക്കറ്റിന് മുന്നില്‍ കേബിളുകള്‍ സ്ഥാപിക്കാനെടുത്ത കുഴിയിലേക്ക് മറിയുകയായിരുന്നു.വാഹനം നിയന്ത്രണംവിട്ട് പാഞ്ഞു വരുന്നത് കണ്ട് ഓടി മാറിയതിനാല്‍ മറ്റാർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് ഓടിക്കൂടിയ നാട്ടുകാർ പറയുന്നത്.

പരിക്കേറ്റവരെ മെഡിക്കല്‍കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ മലയം സ്വദേശി ശ്രീശാന്ത് (40), ഓട്ടോറിക്ഷാ ഡ്രൈവർ ചുള്ളിമാനൂർ സ്വദേശി ജോയ് ഫ്രാൻസിസ് (47),ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരി എന്നിവരെ മെഡിക്കല്‍കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

വൻദുരന്തം ഒഴിവായി

നിയന്ത്രണംവിട്ട വാഹനം കേബിള്‍ കുഴിയില്‍ മറിഞ്ഞതിനാലാണ് വൻദുരന്തം ഒഴിവായതെന്നാണ് വിലയിരുത്തുന്നത്. ട്രാഫിക് പൊലീസും മെഡിക്കല്‍കോളേജ് സ്റ്റേഷനിലെ സേനാംഗങ്ങളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *